കാലം 2020
മനുഷ്യരീ മണ്ണിൽ വസിച്ചിരുന്നത്രേ!
മൃത്യുവില്ലെന്നിനച്ചുല്ലസിച്ചിരുന്നത്രേ!
മണ്ണിലന്നം വിളയിച്ചതെല്ലാം മറന്ന്
വിണ്ണിലെത്തുന്ന മാളികയ്ക്കായ് നിലംമാറ്റി
നിറങ്ങളിൽ ഹരിതം ഈ പ്രകൃതിയിൽ മാഞ്ഞു.
പാഞ്ഞുനീങ്ങുമീവേഗം വിരൽതുമ്പിൽ-ലോകം
കോലം മാറിയ-തറിയാത്ത ജാലം
ജാള്യമില്ലാതെ-വ്യാജം വിളയിച്ചു വിജയം
ജാതി മത രാഷ്ടീയ വർഗ്ഗീയ താണ്ഡവം
കണ്ടു-നിൽക്കുമീ കണ്ണിലൊ-രിറ്റില്ല രക്തവും
രത്ന പീoത്തിൽ അജയ്യനായ് വാഴാൻ
വഴിതെളിക്കും ചതിക്കുരുതി തൻ കളരി
കാവലാളാകേണ്ടവർ കരണ്ട് തിന്നുന്നതും
കാലമിതൊക്കെ കണ്ട് വെച്ചുള്ള വരവ്
കാലതാമസങ്ങളില്ലാത്ത വിധിപോൽ -
കണക്കെടുക്കുന്നൊരു കാലം വരുന്നോ?
കണ്ണിന്നദൃശ്യമാം അണു വിളയാട്ടമിവിടെ
വിളറി വിയർത്തതെന്തേ അഹങ്കാരീ...
അടിയറവ് പറയാത്ത അഹന്ത തൻ യുക്തി
താനിരിക്കുന്ന കൊമ്പ്-മുറിക്കും നിൻ ബോധം
വറുതിക്കൊരറുതിയെ കാത്തിരിപ്പാരോ?
വെറുതെ കളഞ്ഞപ്പോൾ ഓർക്കാപ്രമാണിയോ ?
പ്രകൃതിക്ക് പരി-പാലകർ നാം തന്നെ കൂട്ടരേ...
പ്രളയമായ് വന്നു തന്ന പാഠം മറന്നുവോ?
മരണ മുഖത്തന്ന് നിൻ മുന്നിലായ് നീട്ടിയാ
കരങ്ങളിൽ കണ്ടുവോ നിറങ്ങളും ജാതിയും ?.
ജന്മമിത് വിജയത്തിലെത്തൂ മനുഷ്യാ.,
മനസ്സിൽ കരുണയാൽ ഒരുക്കു നീ സൗദം
സഹജരേ... സഹജീവി സ്നേഹവും ധർമ്മം,
കർമ്മ ഫലവും സുനിശ്ചിതം വിശാലമീ മണ്ണിൽ
മാനവാ നീ ശ്രേഷ്ഠനെങ്കിലും ഓർക്കുക,
"മണ്ണിലുള്ളതിന്നുടമയോ ? അതു മണ്ണുതന്നേയെടോ " !
സുബീർ വഴിയമ്പലം
07/03/2020 ദോഹ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ