2016 ജനുവരി 10, ഞായറാഴ്‌ച

കവിത:- നിശയും നിലാവും

കവിത :-     നിശയും നിലാവും.
നീയണയാത്തേതു രാവും മണ്ണിൽ
കൂരിരുളല്ലയോ പൂന്തിങ്കളേ ...
നീ വിരിയാതേ സുഗന്ധമില്ലിന്നെൻ 
മുറ്റത്തു നിൽക്കുന്ന കൊച്ചു മുല്ലേ..
   രാപ്പാടി നീ പാടിയില്ലെങ്കിൽ ഈ-
   രാവിനൊരു മൂകഭാവം നിറഞ്ഞുനിൽക്കും
   കുളിരായ് തഴുകുന്ന പൂങ്കാറ്റു നീ -
   ഇല്ലയെങ്കിലീ സുഖമൊന്നു രാവിനുണ്ടോ?
പാലാഴി തിങ്കളും കരിമുകിലും -
കണ്ണ് പൊത്തിക്കളിക്കുന്ന നേരമതിൽ
മുല്ല തൻ പൂമണം കട്ടെടുത്ത് -
തെന്നലൊഴുകുന്നു ഇലകളേ തഴുകി മെല്ലേ...
     കവിതൻ കരങ്ങൾ നനഞ്ഞ നേരം -
     നിദ്ര കൊള്ളുന്ന നിളയൊന്നുണർന്നിളകീ
     തിങ്കളാ ചന്തം നോക്കി നിൽക്കും
     കണ്ണാടിയിലോളം തുളുമ്പി മെല്ലേ ...
നിളയാം കാമിനി പകർന്നു നൽകും -
മാറിൻ ചൂടിൽ കരയും മയങ്ങി മെല്ലേ
വെള്ളി നിലാമണി വിതറി വിണ്ണിൻ-
വെൺനിലാവൊളി നിശയിൽ അലിഞ്ഞു മെല്ലേ .....
                                   രചന  :-  സുബീർ വഴിയമ്പലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ